കാഠ്മണ്ഡു: സെൻട്രൽ നേപ്പാളിലെ മദൻ-ആശ്രിത് ഹൈവേയിൽ ഇന്ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പാസഞ്ചർ ബസുകൾ ഒലിച്ചുപോയി. അറുപതോളം പേരെ കാണാതായി. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിൻ്റെ ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സുമാണ് അപകടത്തിൽപെട്ടത്.
കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിൽ 24 പേരും മറ്റൊരു ബസിൽ 41 പേരും യാത്ര ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ഗണപതി ഡീലക്‌സിലെ യാത്രക്കാരിൽ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ബസുകൾ ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയതായാണ് വിവരം. രണ്ട് ബസുകളിലും ഡ്രൈവർമാർ ഉൾപ്പെടെ ആകെ 63 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ 3:30 ഓടെയാണ് മണ്ണിടിച്ചിലിൽ ബസുകൾ ഒഴുകിപോയത്. നേപ്പാൾ പോലീസും സായുധ പോലീസ് സേനാംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്.
സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചനം രേഖപ്പെടുത്തി.കാലാവസ്ഥ മോശമായതിനാൽ കാഠ്മണ്ഡുവിൽ നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.