അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിച്ചു. 3500 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ വിജയിച്ചു. ബി ജെ പി ഏറ്റവും അധികം പ്രതീക്ഷ പുലർത്തിയ മണ്ഡലമാണ് നേമം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയായിരുന്നു ഇവിടെ ലീഡ് ചെയ്തത്. പിന്നീട് യു ഡി എഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥൻ മുന്നിട്ട് നിന്നെങ്കിലും അവസാന റൌണ്ടിലേക്ക് കടക്കുമ്പോ രാജീവ് ചന്ദ്രശേഖർ കുതിക്കുന്നതായിരുന്നു കാഴ്ച.
ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബി ജെ പി നേമത്ത് ഇറങ്ങിയത്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുൻപ് തന്നെ രാജീവ് ചന്ദ്രശേഖർ തൻ്റെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച് മണ്ഡലത്തിലിറങ്ങി. തുടർന്ന് എണ്ണിയിട്ട യന്ത്രം പോലെയായിരുന്നു മണ്ഡലത്തിലെ ബി ജെ പിയുടെ പ്രവർത്തനം. ആ പ്രവർത്തനങ്ങളെല്ലാം ഫലം കണ്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
ചാത്തന്നൂരിൽ ബിജെപി നേതാവായ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. ചാത്തന്നൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ മാരാർജി ഭവനിൽ ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. ബി.ബി. ഗോപകുമാർ (എൻഡിഎ) – 46,567, അഡ്വ. ആർ. രാജേന്ദ്രൻ (എൽഡിഎഫ്)- 42,881, സൂരജ് രവി (യുഡിഎഫ്) – 32,390 എന്നിങ്ങനെയാണ് വോട്ട് നില.
സിപിഐയുടെ ആർ രാജേന്ദ്രനെയാണ് ഗോപകുമാർ പരാജയപ്പെടുത്തിയത്.വോട്ടെണ്ണലിന്റെ തുടക്കം മുതൽ സസ്പെൻസ് നിലനിർത്തിയ മണ്ഡലമാണ് ചാത്തന്നൂർ. ജയപരാജയങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് ഗോപകുമാറിന്റെ വിജയം. ഇതിന് മുൻപ് നേമം മണ്ഡലത്തിലാണ് എൻഡിഎ വിജയിച്ചത്. 2106ൽ ബിജെപിയുടെ രാജഗോപാലാണ് വിജയിച്ച് നിയമസഭയിൽ എത്തിയത്.
അതേസമയം ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ എൻഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെതിരെ മികച്ച വിജയവുമായി കോൺഗ്രസ് സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രൻ 42,880 വോട്ടുകളും നേടി. എൽഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എൻ എം ആർ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.
