തിരുവനന്തപുരം: കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്.
രണ്ടു പേരും നേരെത്തെ ഒരേ ബസിൽ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഒരു ബസിലെ കണ്ടക്ടര്‍ ബസിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു ബസിലെ കണ്ടക്ടറെ അടിക്കുകയായിരുന്നു.
പിന്നീട് ഇരുവരും തമ്മിൽ പരസ്പരം അടികൂടി. ഇതിന്‍റെ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നയാള്‍ പകര്‍ത്തി. അടിക്കിടെ കണ്ടക്ടര്‍ നിലത്ത് വീഴുന്നതും ദൃശ്യത്തിലുണ്ട്. ഇരുവരും തമ്മിലുള്ള അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമടക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.