നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ; ‘നമ്മുടെ രാജ്യത്തിന് യോജിക്കുന്നതല്ല, കുട്ടികൾ നുണ പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത്’

news image
Mar 29, 2025, 6:51 am GMT+0000 payyolionline.in

കോഴിക്കോട്: കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. നൈറ്റ്‌ ലൈഫ് നമ്മുടെ രാജ്യത്തിന് അത്ര പറ്റില്ലെന്നാണ് ഇതിലൂടെ മനസിലാക്കുന്നത്. കുട്ടികളൊക്കെ നുണ പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങി വരുന്നതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി.

ഇരുവശങ്ങളിലുമായി ഫുഡ് കോർട്ടുകൾ നിറഞ്ഞതോടെയാണ് രാത്രിയിൽ വലിയ തിരക്കാണ് മിനി ബൈപ്പാസിൽ അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാർക്കിങ്ങും സംഘർഷവും ഏറെ ബുദ്ധിമുട്ടായതോടെ പ്രദേശവാസികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രദേശത്ത് ലഹരി വിൽപനയും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ മിനി ബൈപാസിൽ ലഹരി വിൽപനക്കെത്തിയ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

പ്രദേശത്ത് സംഘർഷം പതിവായിരിക്കുന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു മാസം 10.30ക്ക് ശേഷം കടകൾ പൂട്ടി സ്ഥിതിഗതികൾ പരിശോധിക്കാമെന്ന ആശയമാണ് കൗൺസിലർമാർ മുന്നോട്ട് വച്ചത്. എന്നാൽ, ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങൾ അംഗീകരിക്കാതെ വന്നതോടെ പ്രശ്ന പരിഹാരമാകാതെ യോഗം പിരിഞ്ഞു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നാട്ടുകാർ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

രാത്രി 10.30ന് ശേഷം കടകൾ തുറക്കരുതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. എന്നാൽ, 12 മണി വരെയെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് കടക്കാർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe