‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം’; കേരള പ്രവാസി സംഘം

news image
Oct 17, 2025, 6:01 am GMT+0000 payyolionline.in

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി’യുടെ ആനുകൂല്യങ്ങൾ, പ്രവാസലോകത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി സമൂഹാംഗങ്ങൾക്കും കൂടി ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
KMS 2023 ഡാറ്റാ പ്രകാരം, 18 ലക്ഷം (1.8 മില്യൺ) മലയാളികളാണ് തിരികെ കേരളത്തിലെത്തിയത്. തിരികെയെത്തിയവരിൽ പലരും പ്രവാസജീവിതത്തിലെ കഠിനാധ്വാനം കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൂടാതെ, നാട്ടിൽ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും (തിരിച്ചെത്തിയവരിൽ 51% പേർക്കും തൊഴിലില്ല) നേരിടുന്ന ഈ വലിയ വിഭാഗത്തിന് ഉയർന്ന ചികിത്സാച്ചെലവുകൾ താങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ആരോഗ്യപരമായ സുരക്ഷാ കവചം പ്രവാസലോകത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയവർക്കും ഉറപ്പാക്കണമെന്ന് സർക്കാരിന് സമർപ്പിച്ച പ്രമേയത്തിൽ പ്രവാസി സംഘം ആവശ്യപ്പെട്ടു.

 

അതോടൊപ്പം ലോകമെമ്പാടുമുള്ള പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നടപ്പിലാക്കിയ ഈ ഇൻഷുറൻസ് പദ്ധതി, ഒരു ജനകീയ സർക്കാരിന്റെ ദീർഘവീക്ഷണത്തെയും പ്രതിബദ്ധതയെയും എടുത്തു കാണിക്കുന്നതാണെന്നും നോർക്ക കെയർ പദ്ധതിയിലൂടെ പ്രവാസികളുടെ ജീവിതത്തിൽ ആരോഗ്യപരമായ സുരക്ഷാ വലയം തീർത്ത ബഹുമാനപ്പെട്ട കേരള സർക്കാരിനെയും, പ്രവാസി ക്ഷേമ വകുപ്പിനെയും, നോർക്ക-റൂട്ട്‌സിനെയും അഭിനന്ദിക്കുന്നുവെന്നും പ്രമേയത്തിലൂടെ പ്രവാസിസംഘം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe