ന്യൂനമർദ്ദം, ഇന്നും അതിശക്തമായ മഴ, 2 ജില്ലകളിൽ റെഡ് അലര്‍ട്ട്, 3 ഇടത്ത് ഓറഞ്ച് അലർട്ട്, ജാഗ്രത

news image
May 24, 2024, 4:01 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.

കേരളാ തീരത്തോട് ചേർന്ന് തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും. ഇത് നാളെയോടെ ചുഴിക്കാറ്റായി മാറിയേക്കും. റിമാൽ എന്നായിരിക്കും പേര്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.

അതിതീവ്ര മഴ സാധ്യതയാണ് കേരളത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണം.

അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. നിലവിൽ  സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe