ന്യൂഡൽഹി: വിദ്വേഷ പ്രസംഗം ഏതുപക്ഷത്തുനിന്നായാലും നിയമപ്രകാരം ഒരുപോലെ നേരിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കാഞ്ഞങ്ങാട്ട് മുസ്ലിം യൂത്ത്ലീഗിന്റെ റാലിയിലുയർന്ന വിദ്വേഷ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിനെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ബിഹാർ ജാതി സെൻസസ് കേസുള്ളതിനാൽ ഈ ഹരജികൾ അടുത്ത വെള്ളിയാഴ്ച കേൾക്കാമെന്നുപറഞ്ഞ് മാറ്റുന്നതിനിടയിൽ, വിദ്വേഷ കുറ്റകൃത്യ കേസുകളിൽ തഹ്സീൻ പുനാവാല കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ബന്ധപ്പെട്ടവർ നടപ്പാക്കുമെന്നാണ് കരുതുന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ്, വടക്കൻ കേരളത്തിൽ ഹിന്ദുക്കളെ കൊല്ലുമെന്ന് മുസ്ലിം യൂത്ത്ലീഗ് റാലിയിൽ മുദ്രാവാക്യം ഉയർന്നിട്ടുണ്ടെന്നും ഇതിനെതിരായ പരാതി സുപ്രീംകോടതി പരിഗണിക്കണമെന്നും അഡ്വ. പി.വി. യോഗേശ്വരൻ ആവശ്യപ്പെട്ടത്.
വിദ്വേഷ പ്രസംഗത്തിനെതിരായ നിയമം, നടത്തിയവരുടെ അസ്തിത്വം നോക്കാതെ പ്രയോഗിക്കുമെന്ന് ജസ്റ്റിസ് ഖന്ന ഇതിന് മറുപടി നൽകി. സുപ്രീംകോടതിയുടെ നിലപാട് വ്യക്തമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടർന്നു. ‘വിദ്വേഷ പ്രസംഗം’ എന്നറിയപ്പെടുന്ന പ്രവർത്തനത്തിൽ ആര് ഏർപ്പെട്ടാലും നിയമപ്രകാരം അവരെ നേരിടും. ഇക്കാര്യം സുപ്രീംകോടതി ഇതിനകം വ്യക്തമാക്കിയതാണെന്നും ഇതിങ്ങനെ ആവർത്തിച്ചു പറയേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ഖന്ന കൂട്ടിച്ചേർത്തു. വിദ്വേഷത്തിന് പക്ഷമുണ്ടാകില്ലെന്നാണ് തങ്ങളും കരുതുന്നതെന്ന് മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിനെതിരായ ഹരജികളിൽ ഹാജരായ അഡ്വ. നിസാം പാഷ ബോധിപ്പിച്ചപ്പോൾ പക്ഷമുണ്ടെന്ന് അഡ്വ. യോഗേശ്വരൻ തർക്കിച്ചു. ഇരുകൂട്ടരും കോടതിയെ സഹായിക്കുകയാണല്ലോ ചെയ്യുന്നതെന്ന് പാഷ പറഞ്ഞപ്പോഴും അദ്ദേഹം അംഗീകരിച്ചില്ല.
ശരിയായ തരത്തിലല്ല ആ സഹായമെന്നും എല്ലാ വസ്തുതകളും പാഷ കോടതിക്കുമുമ്പാകെ വെക്കുന്നില്ലെന്നും യോഗേശ്വരൻ ആരോപിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഒരു ദിവസംമുമ്പേ തങ്ങളുടെ വാദമുഖങ്ങൾ സമർപ്പിക്കാൻ ബെഞ്ച് എല്ലാ കക്ഷികളോടും നിർദേശിച്ചു.