പകർച്ചപ്പനി പ്രതിരോധം ; സ്‌കൂളുകളിൽ ഇന്ന്‌ ആരോഗ്യ അസംബ്ലി

news image
Jun 23, 2023, 1:20 am GMT+0000 payyolionline.in

തിരുവനന്തപുരം: വിദ്യാർഥികളിൽ പകർച്ചപ്പനി പ്രതിരോധം സംബന്ധിച്ച അവബോധം വളർത്താൻ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കും. ശുചീകരണവും സംഘടിപ്പിക്കും. ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായാണിത്‌. ആരോഗ്യ, തദ്ദേശ, പൊതുവിദ്യാഭ്യാസ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ്‌ തീരുമാനം. ആരോഗ്യ അസംബ്ലിയുടെ സംസ്ഥാന ഉദ്‌ഘാടനം വെള്ളി രാവിലെ ഒമ്പതിന്‌ തിരുവനന്തപുരം പേരൂർക്കട ഗവ. ഗേൾസ് ഹൈസ്കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

 

ആരോഗ്യ പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകും. ഒരു ക്ലാസിൽ അഞ്ചിൽ കൂടുതൽ കുട്ടികൾ പനിബാധിച്ച് ഹാജരാകാതിരുന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ശനിയാഴ്ച സർക്കാർ, സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണം നടത്തും. തദ്ദേശസ്ഥാപനങ്ങളിൽ വിവിധ വകുപ്പ്‌ പ്രതിനിധികളുടെ സംയുക്തയോഗം അടുത്തയാഴ്ച ചേരും. തദ്ദേശം, തൊഴിൽ, കൃഷി, ക്ഷീരവികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശമന്ത്രി എം ബി രാജേഷ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്‌ എഴുപതിനായിരത്തിലധികം പേരാണ്‌ പനി ബാധിച്ച്‌ ചികിത്സ തേടിയത്‌. കഴിഞ്ഞവർഷം ഇത്‌ എൺപതിനായിരത്തിലധികമായിരുന്നു. ഇടവിട്ടുള്ള മഴയാണ്‌ കൊതുകിന്റെ പ്രജനനത്തിനും ഡെങ്കിപ്പനിയ്ക്കും കാരണമാകുന്നതെന്ന്‌ മന്ത്രി വീണാ ജോർജ് പറഞ്ഞു.

മേയിൽതന്നെ പനി പ്രതിരോധത്തിനുള്ള നടപടികൾ ആരോഗ്യവകുപ്പ്‌ ആരംഭിച്ചിരുന്നു.  ജില്ലകളിൽ പനി കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയാണ്‌ പ്രതിരോധം ഉറപ്പാക്കുന്നത്‌. എലിപ്പനി സാധ്യത കൂടുതലുള്ള വിഭാഗങ്ങളായ തൊഴിലുറപ്പ്‌ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, ക്ഷീരകർഷകർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പുലർത്തണം. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ എന്നിവ ഉടമകൾ വൃത്തിയായി സൂക്ഷിക്കണം. ഇത്‌ ചെയ്യാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമംപ്രകാരം നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി  പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe