മൂവാറ്റുപുഴ: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പച്ചക്കറി വില ഉയരുന്നു. കോഴി ഇറച്ചി വിലയും മുകളിലേക്കാണ്. ബ്രാൻഡഡ് അരികളുടെ വിലയും ഉയർന്നു. പച്ചക്കറികളിൽ തക്കാളിക്കാണ് വിലക്കുതിപ്പ്. കഴിഞ്ഞ മാസം അവസാനത്തോടെ സെഞ്ച്വറിയിൽ എത്തിയ തക്കാളി വില പിന്നീട് താഴേക്ക് വന്നെങ്കിലും ഇപ്പോൾ വീണ്ടും ഉയരുകയാണ്. തിങ്കളാഴ്ച മൊത്ത വിപണിയിൽ 75 രൂപയായിരുന്നു. ചില്ലറ വിപണിയിൽ ഇത് 90 പിന്നിട്ടു.
വെളുത്തുള്ളി വില 160 ൽ എത്തി. ചില്ലറ വിപണിയിൽ ഇത് 180ൽ എത്തി. സവാളക്ക് 15 രൂപ വർധിച്ച് 35 രൂപ വരെയായി. 40 രൂപ ഉണ്ടായിരുന്ന മുളക് വില 70ൽ എത്തി. ഉണ്ടമുളകിന്റെ മൊത്ത വില 76 രൂപയാണ്. പയർ വിലയിലും വർധനവുണ്ട്.
മിക്ക പച്ചക്കറികൾക്കും 10 രൂപയെങ്കിലും വർധിച്ചിട്ടുണ്ട്. ജില്ലയിൽ പല ഭാഗങ്ങളിലും വിലയിൽ പ്രാദേശികമായ ഏറ്റക്കുറച്ചിലുണ്ടാകും. മുരിങ്ങക്കയുടെ മൊത്ത വില 180 രൂപയാണ്. ചില്ലറ വില 200ൽ എത്തി. ബീൻസ് -47, പാവയ്ക്ക -55, ചേന -28, കാരറ്റ് -50, വെണ്ട -56, കാബേജ് -40, ബീറ്റ്റൂട്ട് -35, കോവക്ക -74, പടവലം -48, വെള്ളരി -35, ചീര -35, കൂർക്ക -65 എന്നിങ്ങനെയാണ് മൊത്ത വിപണിയിലെ വിലനിലവാരം. തേങ്ങ വില മാറ്റമില്ലാതെ 80 രൂപയിൽ തുടരുന്നു.
കോഴി ഇറച്ചി വില ഈ മാസം ആദ്യം മുതലേ ഉയർന്നിരുന്നു. 150 രൂപയാണ് ഞായറാഴ്ചത്തെ നിരക്ക്. കഴിഞ്ഞ മാസം അവസാനം വരെ 125 രൂപയായിരുന്നു. ക്രിസ്മസ് ആകുമ്പോഴേക്കും 170 ൽ എത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് വിലവർധനവിന് കാരണമായി പറയുന്നത്. ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ മത്സ്യ വിപണിയിലും വില ഉയർന്നു തന്നെയാണ്.
