നമ്മുടെ ഭക്ഷണത്തിൽ എരുവിനായി ഉൾപ്പെടുത്തുന്ന ഒന്നാണ് പച്ചമുളക്. ഏതു കറി ആണെങ്കിലും പച്ചമുളകിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിനു നല്ലതാണോ ? വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ പച്ചമുളക് ശരീരത്തിന് ഗുണകരമാണെങ്കിലും, ഇത് അമിതമാകുന്നത് ദഹനപ്രശ്നങ്ങൾക്കും മറ്റും കാരണമായേക്കാം.
മെറ്റബോളിസവും ശരീരഭാരവും ദിവസവും ഭക്ഷണത്തിൽ ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പച്ചമുളകിലെ ഘടകങ്ങൾ ദഹനം വേഗത്തിലാക്കാൻ സഹായിക്കുമെങ്കിലും, ഇതിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ഡയറ്റീഷ്യനായ ഫൗസിയ അൻസാരി വ്യക്തമാക്കുന്നു.
അമിതമായാൽ സംഭവിക്കുന്നത് പച്ചമുളകിലുള്ള ‘കാപ്സെയ്സിൻ’ എന്ന ഘടകം വയറിൽ പുകച്ചിലുണ്ടാക്കാൻ സാധ്യതയുണ്ട്. ഇതിന്റെ അമിത ഉപയോഗം അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്നു. പ്രത്യേകിച്ച് അൾസർ, ആസിഡ് റിഫ്ളക്സ് തുടങ്ങിയ പ്രശ്നങ്ങളുള്ളവർ പച്ചമുളക് ഒഴിവാക്കുന്നതാണ് ഉചിതം. കാരണം ഇത് വായയിലും തൊണ്ടയിലും ദഹനപാതയിലും വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സെൻസിറ്റീവ് ആയ വയറുള്ളവർക്ക് പച്ചമുളക് അമിതമായി കഴിക്കുന്നത് വയറിളക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമായേക്കാം.
- എരിവ് കൂടിയ മുളകുകൾക്ക് പകരം എരിവ് കുറഞ്ഞ ഇളം പച്ച നിറത്തിലുള്ള മുളകുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് വയറിന്റെ ആരോഗ്യത്തിന് കൂടുതൽ അനുയോജ്യം.
- പച്ചമുളക് കഴിക്കുന്നത് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
