പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് : പ്രതിഷേധ മാർച്ചുമായി എൽഡിഎഫും യുഡിഎഫും,പ്രതി റിജില്‍ ഒളിവിൽ തുടരുന്നു

news image
Dec 6, 2022, 3:13 am GMT+0000 payyolionline.in

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും പ്രതിഷേധം ഇന്ന്.കോഴിക്കോട് കോർപറേഷന്റെ നഷ്ടപ്പെട്ട പണം ഉടൻ ബാങ്ക് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് എൽ ഡി എഫിന്റെ പ്രതിഷേധം. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മെയിൻ ശാഖയിലേക്കും തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖയിലേക്കും പ്രതി റിജിൻ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലം ശാഖയിലേക്കുമാണ് എൽ ഡി എഫ് മാർച്ച്‌ നടത്തുക.മെയിൻ ബ്രാഞ്ചിലേക്ക് നടക്കുന്ന മാർച്ച്‌ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്യും.

കോർപറേഷന്റെ പണം നഷ്ടപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം.കോർപറേഷൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ച്‌ കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യും

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷന് നഷ്ടമായത് ആകെ 12.60 കോടി രൂപയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇതിൽ 2.53 കോടി രൂപ ബാങ്ക് കോർപറേഷന് തിരികെ നൽകി. ഇനി കോർപറേഷന് കിട്ടാനുള്ളത് 10.7 കോടി രൂപയാണ്. ബാങ്കിൽ ആകെ 21.29 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. മുൻ ബാങ്ക് മാനേജരായ റിജിൽ ഒറ്റക്കാണ് തിരിമറി നടത്തിയത്. ഇയാളുടെ അക്കൗണ്ടിൽ ആയിരം രൂപ പോലും ഇപ്പോഴില്ല. ആകെ 17 അക്കൗണ്ടുകളിൽ റിജിൽ തട്ടിപ്പ് നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കോർപറേഷന് നഷ്ടപ്പെട്ട തുകയിൽ ആശയകുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. റിജിൽ പണം ചെലവഴിച്ചത് ഓൺലൈൻ റമ്മിക്കും ഓഹരി വിപണിയിലേക്കുമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച കോഴിക്കോട് ജില്ലാ കോടതി വിധി പറയും. നവംബർ 29 മുതൽ ഇയാൾ ഒളിവിലാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe