‘പഠനത്തില്‍ മിടുക്കി’; വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം തനിക്കില്ലെന്ന് കെ വിദ്യ

news image
Jun 22, 2023, 1:49 am GMT+0000 payyolionline.in

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് കെ വിദ്യ. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നല്‍കി. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ മൊഴി നല്‍കി.

അതേസമയം, വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. വിദ്യയെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബഞ്ചിലാണ് ഹര്‍ജി പരിഗണനക്ക് എത്തിയത്.
പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കരിന്തളം ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe