പണം തന്നില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും, സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

news image
Jan 2, 2024, 4:35 am GMT+0000 payyolionline.in

തിരുവനന്തപുരം: കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും. വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം.

2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം കുടിശ്ശികയാണ് സപ്ലൈകോക്കുളളത്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറിൽ പോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ട സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. പണമില്ലാ പ്രതിസന്ധിയുടെ ആഴം പറഞ്ഞതിന് അപ്പുറം അടിയന്തരമായി 500 കോടിയെങ്കിലും അനുവദിച്ചേ തീരു എന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. യുഡിഎഫ് കാലത്തുണ്ടായിരുന്ന പരമാവധി 25 ശതമാനം സബ്സിഡിയിൽ കുറയാത്ത വിലക്രമീകരണമാണ് പരിഗണിക്കുന്നതെന്നെന്നാണ് സൂചന. നിലവിലിത് 50 ശതമാനത്തോളമാണ്. മാത്രമല്ല വിപണിയിലെ വില വ്യത്യാസത്തിന് അനുസരിച്ച് അതാത് സമയത്ത് സബ്സിഡി പുനക്രമീകരിക്കാനും ശുപാര്‍ശയുണ്ട്. കൂടുതൽ ഉത്പന്നങ്ങൾക്ക് സ്ബ്സിഡി ഏര്‍പ്പെടുത്തുന്നതും ഔട്ലറ്റുകളെ ജനപ്രിയമാക്കാനും ഉള്ള നിര്‍ദ്ദേശങ്ങളിലും സര്‍ക്കാര് നിലപാടായിരിക്കും അന്തിമം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe