പണം നിക്ഷേപിക്കുക, പാത്രം വയ്ക്കുക, ആവശ്യത്തിനുള്ള പാൽ എടുക്കുക! ‘എനി ടൈം മിൽക്ക്’ എടിഎം മുന്നാറിൽ തുടങ്ങി

news image
Aug 13, 2024, 4:54 pm GMT+0000 payyolionline.in

ഇടുക്കി: മൂന്നാറിലെത്തുന്നവർക്ക് ഇനി ഏതു സമയത്തും എ ടി എം സംവിധാനത്തിലൂടെ പാൽ വാങ്ങാം. ആവശ്യമുള്ള പാലിന്‍റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന എ ടി എമ്മിൽ നിക്ഷേപിച്ചാൽ മാത്രം മതി. തുകയ്ക്ക് അനുസൃതമായ പാൽ വാങ്ങുന്നതിനായി പാത്രവും വെയ്ക്കുക. നൽകിയ തുകയ്ക്കുള്ള പാൽ ഉടനടി പാത്രത്തിൽ നിറയും. ദേവികുളം ബ്ലോക്കിലെ ലക്ഷ്‌മി ക്ഷീരസഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ മൂന്നാർ ടൗണിന്‍റെ ഹൃദയഭാഗത്ത് ആരംഭിച്ച മിൽക്ക് എ ടി എം, ഉപഭോക്താക്കളുടെ സമയവും സൗകര്യവും അനുസരിച്ച് ഏത് സമയത്തും പാൽ വാങ്ങുന്നതിന് സഹായിക്കുന്നു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിങ്ങ് മെഷീൻ മൂന്നാറിൽ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഇന്ന് ഉദ്ഘാടനം ചെയ്തു.

10 രൂപക്ക് മുതൽ പാൽ കിട്ടും

മെഷീനിൽ നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് 24 മണിക്കൂറും പാൽ ലഭിക്കും. 10, 20, 50, 100 നോട്ടുകളിൽ ഏതെങ്കിലുമൊന്ന് യന്ത്രത്തിൽ നിക്ഷേപിച്ച് കുപ്പിയോ പാത്രമോ വച്ച് കൊടുത്താൽ, കൊടുത്ത പൈസക്കുള്ള പാൽ ലഭിക്കുന്നു. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീനാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. 1000 ലിറ്ററോളം പാൽ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ച പദ്ധതിക്ക് ക്ഷീരവികസന വകുപ്പ് 120000/- രൂപ ധനസഹായം നൽകി.

ദേവികുളം എം എൽ എ അഡ്വ. എ രാജ, മച്ചിപ്ലാവ് ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് പോൾ മാത്യു, കെ എസ് എം എസ് എ ജില്ലാ പ്രസിഡണ്ട് കെ പി ബേബി, പാണ്ടിപ്പാറ ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് സോണി ചൊള്ളാമഠം ക്ഷീരവികസന വകുപ്പ് ജോയിന്‍റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി ഇ ,  ക്വാളിറ്റി കൺട്രോൾ ഓഫീസർ അഞ്ജു കുര്യൻ, ക്ഷീരവികസന ഓഫീസർ ജാസ്മിൻ സി എ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe