പണി ഉറപ്പ്, വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്

news image
Dec 18, 2025, 8:16 am GMT+0000 payyolionline.in

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ പോലീസ് കേസെടുത്തു. കേസിൽ വിധി വന്നതിന് പിന്നാലെ മാർട്ടിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി. മാർട്ടിൻ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ വീഡിയോയിൽ അതിജീവിതയുടെ പേര് പരാമർശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇതിനുപിന്നാലെയാണ് തൃശ്ശൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. നിലവിൽ കേസിലെ പ്രതിയായ മാർട്ടിൻ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ്.

മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. നവമാധ്യമങ്ങളിലെ 27 അക്കൗണ്ട് ഉടമകളെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ 27 ലിങ്കുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയർ ചെയ്തവർക്കെതിരെ ഐടി നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe