പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്: പേരാമ്പ്ര സ്വദേശിക്ക് 53 വർഷം കഠിനതടവും പിഴയും

news image
Feb 27, 2026, 1:01 pm GMT+0000 payyolionline.in

നൊച്ചാട്: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 53 വർഷം കഠിനതടവും രണ്ടു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. പേരാമ്പ്ര മുളിയങ്ങൽ സ്വദേശി ചേരമ്പറ്റ മീത്തൽ മുഹമ്മദ് റെയ്ഹാനെയാണ് (41) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് മാസത്തിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായ പ്രതി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്താണ് അതിജീവിതയെ പീഡനത്തിനിരയാക്കിയത്. സ്കൂൾ അധ്യാപിക മുഖേന പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്കൂളിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. 2024 ഫെബ്രുവരി മുതൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയായിരുന്നു മുഹമ്മദ് റെയ്ഹാൻ. കേസിന്റെ ഗൗരവം പരിഗണിച്ച് പലതവണ ഇയാളുടെ ജാമ്യാപേക്ഷകൾ കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും 4 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര ഇൻസ്പെക്ടർ സന്തോഷ് എം.എ, സബ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe