പത്തനംതിട്ട: നിയമന കോഴ കേസ് മുഖ്യ കണ്ണി അഖിൽ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി യുവമോർച്ച നേതാവ് ഒളിവിൽ പോയി. അഖിൽ സജീവിന്റെ കൂട്ടാളിയായ റാന്നി സ്വദേശിയായ രാജേഷാണ് ഒളിവിൽ പോയത്. ഇയാൾ മറ്റൊരു തട്ടിപ്പ് കേസിലും പ്രതിയാണ്. ഓമല്ലൂർ സ്വദേശിയിൽ നിന്നും 4,39,340 (4.39 ലക്ഷം) രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. അതിനിടെ സ്പൈസസ് ബോർഡ് നിയമന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. യുവമോർച്ച നേതാവ് രാജേഷ് 91800 രൂപ വാങ്ങി. അഖിൽ സജീവ് 2.4 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരമുണ്ട്.
അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണ്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞു.