പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി; ഫീസടയ്ക്കാൻ പണമില്ലാത്ത വിഷമത്തിലെന്നു ബന്ധുക്കൾ

news image
Jul 31, 2023, 7:20 am GMT+0000 payyolionline.in

പത്തനംതിട്ട ∙ ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കി അതുല്യ നാട്ടിലെത്തിയിരുന്നു. അടുത്തിടെ ഈ ട്രസ്റ്റ് അധികൃതരെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെയായി.

വായ്പ തേടി ബാങ്കുകളിൽ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവർഷത്തെ ക്ലാസുകൾക്കായി ചെന്നപ്പോൾ ആദ്യവർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാംവർഷം മുതൽ പഠിക്കണമെന്ന് നിർദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു. ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe