പത്തനംതിട്ടയിൽ മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ അഴിമതി; മാനേജർക്ക്  12 വർഷം തടവ് ശിക്ഷയും പിഴയും

news image
Jun 2, 2024, 2:50 pm GMT+0000 payyolionline.in

അടൂർ: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ മാനേജർക്ക്  12 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന  ബേബി സൗമ്യയെ ആണ് തിരുവനന്തപുരം വിജിലൻസ് കോടതി 12 വർഷം കഠിനതടവിനും 8,07,000  രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.  ഇവർ  2007-2008 കാലഘട്ടത്തിൽ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്നപ്പോഴാണ്  തട്ടിപ്പ് നടത്തിയത്. ബേബി സൗമ്യ മാവേലി സ്റ്റോറിൽ നിന്നും 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി, കുറ്റപത്രം നൽകിയ കേസ്സിലാണ് ബേബി സൗമ്യ കുറ്റക്കാരിയാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി വിവിധ വകുപ്പുകളിലായി 3 വർഷം വീതം ആകെ 12 വർഷം കഠിനതടവും 8,07,000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പത്തനംതിട്ട വിജിലൻസ് ഡി.വൈ.എസ്.പി യായിരുന്ന  വി. വി അജിത്ത് രജിസ്റ്റർ ചെയ്ത കേസ്സിൽ ഡി.വൈ.എസ്.പി മാരായിരുന്ന  വി. വി അജിത്ത്,  ബേബി ചാൾസ്,  പി. കെ ജഗദീഷ്,  പി. ഡി രാധാകൃഷ്ണപിള്ള എന്നിവർ അന്വേഷണം നടത്തി ഡി.വൈ.എസ്.പി ആയിരുന്ന  പി. ഡി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.  പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe