തിരുവനന്തപുരം > ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ വിൽപ്പനയ്ക്ക്. ചിങ്ങം ഒന്നായ വ്യാഴം കിഴക്കേനടയിൽ ഭരണസമിതി അംഗം ആദിത്യവർമ നാണയം പുറത്തിറക്കും.ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം വരുന്ന നാണയങ്ങൾ വാങ്ങാനാണ് വിശ്വാസികൾക്ക് അവസരം. ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് നാണയങ്ങൾ നിർമിച്ചത്. പരിമിതമായ നാണയങ്ങൾ മാത്രമേ വിൽപ്പനയ്ക്കുണ്ടാകൂ. സ്വർണത്തിന്റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചാകും നാണയങ്ങളുടെയും വില. നാണയങ്ങൾ ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകളുമായി ബന്ധപ്പെടണം.
ദർശനരീതിയിൽ മാറ്റം
ചിങ്ങപ്പിറവിയായ വ്യാഴംമുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനരീതിയിൽ മാറ്റം. കിഴക്കുഭാഗത്ത് നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കണം. തുടർന്ന് ശ്രീപത്മനാഭന്റെ പാദഭാഗത്തുകൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. തുടർന്ന് വടക്കേനട വഴി പുറത്തിറങ്ങുന്നതുമാണ് പുതിയ രീതി. അർച്ചന പ്രസാദം ക്ഷേത്രത്തിനുപുറകിലുള്ള മണ്ഡപത്തിൽവച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയിലെ പ്രദക്ഷിണം ഒഴിവാക്കാനാണ് പുതിയ രീതി. തന്ത്രി തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഭരണസമിതി പുതിയ ദർശനരീതി നടപ്പാക്കുന്നത്.