പത്മശ്രീ തിരികെ നൽകുമെന്ന് വിരേന്ദർ സിംങ്; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ കായികതാരങ്ങൾ

news image
Dec 23, 2023, 1:32 pm GMT+0000 payyolionline.in

ദില്ലി:  ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ കായിക താരങ്ങൾ. പത്മശ്രീ തിരികെ നൽകുമെന്ന് മുൻ ഗുസ്തി താരം വിരേന്ദർ സിംങ് യാദവ് പ്രഖ്യാപിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കായിക താരങ്ങളുമായി സംസാരിക്കും എന്ന സൂചനയാണ് നൽകുന്നത്.

ദേശീയ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ഗുസ്തി താരങ്ങൾ. സാക്ഷി മാലിക്കിനും ബജ്രംങ് പൂനിയയ്ക്കും പിന്നാലെ പത്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഗുസ്തി താരം വിരേന്ദർ സിംങ്. കേൾവി പരിമിതർക്കുളള ഒളിംപിക്സിൽ മൂന്നു തവണ സ്വർണ്ണ മെഡൽ ജേതാവാണ് വിരേന്ദർ സിംങ്. രാജ്യത്തെ മറ്റു കായിക താരങ്ങളും നിലപാട് വ്യക്തമാക്കണമെന്നും സാക്ഷിക്കൊപ്പമെന്നും വിരേന്ദർ എക്സിൽ കുറിച്ചു.

വിഷയത്തിൽ മൗനം പാലിക്കുന്ന സിനിമാ – കായിക താരങ്ങളെ വിമർശിച്ച് ബോക്സർ വിജേന്ദർ സിംങും രംഗത്തെത്തി സാക്ഷി മാലിക്കിനെ അഭിനന്ദിച്ചു കൊണ്ടുളള സച്ചിന്റെയും അമിതാഭ് ബച്ചന്റെയും പോസ്റ്റുകളാണ് വിജേന്ദർ പങ്കു വച്ചത്. എന്നാൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാഷ്ടീയമെന്നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷൻ സഞ്ജയ് സിംങിന്റെ വിമർശനം.

തെരഞ്ഞെടുപ്പിനു പിന്നാലെ അയോധ്യയിലെത്തിയ ബ്രിജ് ഭൂഷനും സഞ്ജയ് സിംങിനും വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിനിടെ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനെ ന്യായീകരിച്ച് കായിക മന്ത്രാലയം രംഗത്തെത്തി. നടന്നത് നിഷ്പക്ഷ തെരഞ്ഞെടുപ്പെന്നായിരുന്നു അനൗദ്യോഗിക വിശദീകരണം. സർക്കാർ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നാണ് താരങ്ങളുടെ പരാതി.  പരസ്യപ്രതികരണത്തിന് സർക്കാർ തയ്യാറാകാത്തത് ബ്രിജ്ഭൂഷണിനുള്ള പിന്തുണ സൂചിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe