എറണാകുളം: പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഇന്ന് മുതൽ. ഗുരുതര പിഴവ് കണ്ടത്തിയ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ നായ കടിയേറ്റെത്തിയ കുട്ടിക്ക് ചികിത്സ വൈകിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
പനിയെ തുടര്‍ന്ന് രക്ത പരിശോധനക്ക് ആശുപത്രിയിലത്തിയ ഏഴു വയസുകാരിക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് നല്‍കിയ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ഇന്നലെ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ നഴ്സിന് ഗുരുതര പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപെട്ടതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പിന്നാലെ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയുമുണ്ടായേക്കും.
എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായത്. പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ സമയത്താണ് നഴ്സ് കുട്ടിയ്ക്ക് കുത്തിവച്ചത്. അങ്കമാലി കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവെപ്പ് മാറി നല്‍കിയത്.
പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവെപ്പെടുത്തതെന്നാണ് നഴ്സിന്‍റെ വിശദീകരണം. രക്ഷിതാവിനോട് ചോദിക്കാതെ കുട്ടിക്ക് കുത്തിവെപ്പെടുത്തതിൽ നഴ്സിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. മാറി കുത്തിവച്ചതിനാല്‍ കുട്ടി ഇപ്പോള്‍ നരീക്ഷണത്തിലാണ്.പനിയുണ്ടെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല.അലംഭാവവും അശ്രദ്ധയും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സ്ഥിരം പരാതിയാണെന്ന് നഗരസഭ കൗൺസില്‍ ആരോപിച്ചു.
നായ കടിയേറ്റ് എത്തിയ കുട്ടിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ വൈകിയെന്ന പരാതിയിൽ അന്വേഷണ റിപ്പോർട് ഉടൻ. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നുമുള്ള വിവരശേഖരണം തുടരുകയാണ്. മെഡിക്കൽ കോളജ് ആർഎംഒ ഡോ.മോഹൻ റോയ് ആണ് അന്വേഷണം നടത്തുന്നത്. പൗഡിക്കോണം സ്വദേശിയായ നന്ദനയ്ക്ക് അത്യാഹിത വിഭാഗത്തിൽ ചികിസ്ത നിഷേധിച്ചത് റിപ്പോർട്ട് ചെയ്തിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ ഒപി ടിക്കറ്റ് എടുത്ത് ഡോക്റ്ററെ കാണിക്കാൻ സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചെന്നാണ് പരാതി. രണ്ട് മണിക്കൂറോളം വൈകിയാണ് കുട്ടിയെ ഡോക്ടറെ കാണിക്കാനായത്