കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് നാളെ മുതൽ. ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയപാത 66ലെ വെങ്ങളം-രാമനാട്ടുകര ബൈപ്പാസിലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. ഈ മാസം ഏഴിനാണ് ഗതാഗത മന്ത്രാലയം ടോൾ നിരക്ക് വിജ്ഞാപനം ചെയ്തത്.
നിരക്കുകൾ ഇങ്ങനെ
3000 രൂപയുടെ ഹാസ്ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകൾ ചെയ്യാൻ കഴിയും. 24 മണിക്കൂറിനകം ഇരുവശത്തേക്കും പോകുന്ന വാഹനത്തിന് മടക്കയാത്രയിൽ 25 ശതമാനം കിഴിവ് ലഭിക്കും. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത നാഷനൽ പെർമിറ്റ് ഒഴികെയുള്ള കൊമേഴ്സ്യൽ വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 50 ശതമാനം ഇളവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു മാസം തുടർച്ചയായി 50 തവണ യാത്ര ചെയ്യുന്നവർക്ക് ടോൾ നിരക്കിൽ 33 ശതമാനം ഇളവുണ്ടാകും.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസ് അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച മാത്രം 25 സമീപവാസികൾക്ക് പാസുകൾ നൽകി. ടോൾ പിരിവിനുള്ള സംവിധാനങ്ങൾ പൂർണ സജ്ജമാണെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു.
