പയ്യോളി: ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ പയ്യോളി ബീച്ച് റോഡ് സൗന്ദര്യവൽക്കരണം എവിടെയും എത്തിയില്ല. മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുകയും നിലത്ത് ഇന്റർലോക്ക് കട്ടകൾ പതിക്കുകയും മാത്രമാണ് ചെയ്തത്. നേരത്തെ പ്രഖ്യാപിച്ച ഓപ്പൺ സ്റ്റേജും ഇരിപ്പിടങ്ങളും ഒരുക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. സന്നദ്ധ സംഘടനയായ ജെസിഐ പയ്യോളി നൽകിയ ഇരുമ്പ് ബെഞ്ചുകൾ മാത്രമാണ് ഏക ആശ്വാസം.

പയ്യോളി ബീച്ച് റോഡ് സൗന്ദര്യവൽക്കരണത്തിനായി നിർമ്മിച്ച സ്ഥലം പാർക്കിംഗ് കേന്ദ്രമായി മാറിയ നിലയിൽ.
അതേസമയം വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇരുമ്പ് വേലികൾ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലം പരിപാലിക്കാൻ നഗരസഭ താൽപര്യം കാണിക്കാത്തതാണ് ഇപ്പോൾ പ്രധാന വിഷയമായി ഉയർന്നുവരുന്നത്. നേരത്തെ ഇവിടെ വാഹനങ്ങൾ കയറ്റാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ബീച്ച് റോഡിലെ സ്ഥല പരിമിതി കാരണം ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് പതിവാവുകയാണ്. ഒന്നുകിൽ എല്ലാ ഇരുചക്രവാഹനങ്ങൾക്കും നിർത്തിയിടാനുള്ള സൗകര്യം ഒരുക്കുകയോ അല്ലെങ്കിൽ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. അതും അല്ലെങ്കിൽ ആഴ്ച ചന്ത പോലെ സ്ഥിരം സംവിധാനങ്ങളും ഇവിടെ ഒരുക്കാനുള്ള സാധ്യത ഏറെയുണ്ട്. ഇതൊന്നും തന്നെ നടപ്പിലാക്കാൻ മാറിമാറി വരുന്ന ഭരണാധികാരികൾ താല്പര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.