കോഴിക്കോട്: ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് തൂങ്ങിമരിക്കാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. ജീവനൊടുക്കാൻ പോകുന്നു എന്ന് കോഴിക്കോട് പയ്യോളി സ്റ്റേഷനിൽ 30കാരി വിളിച്ച് പറഞ്ഞിരുന്നു. ഓടിയെത്തിയ പൊലീസ് തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കാണുകയും കെട്ടഴിച്ച് ആശുപത്രിയിലാക്കുകയും ആയിരുന്നു.
ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതിയെയാണ് ബാലുശ്ശേരി സിഐ ടിപി ദിനേശിന്റെ നേതൃത്വത്തിൽ പൊലീസുകാർ രക്ഷപെടുത്തിയത്. താൻ മരിക്കാൻ പോകുകയാണെന്ന് യുവതി പയ്യോളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇവിടെ നിന്നും ബാലുശ്ശേരി പോലീസിലേക്ക് വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോഴേക്ക് യുവതി ആത്മഹത്യക്ക് ഒരുങ്ങിയിരുന്നു. കയറിൽ തൂങ്ങിയിരുന്ന യുവതിയെ അഴിച്ചെടുത്ത് പൊലീസ് ആശുപത്രിയിൽ എത്തിച്ചു. യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.