കാസർകോട്: ലഹരി വസ്തുക്കളുമായി കാസർകോട് ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോട് കാനത്തുങ്കര സ്വദേശി മുഹമ്മദ് ഹനീഫാണ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 23 ഗ്രാം മെത്തഫിറ്റാമിനും10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽ രാജവനാണ് പ്രതിയെ പിടികൂടാൻ നേതൃത്വം നൽകിയത്.
അസി എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുറിയോ, ജനാർദ്ദനൻ കെഎ, പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രസാദ് എംഎം, സിവിൽ എക്സൈസ് ഓഫീസർമാരായ, നസറുദ്ദീൻ എകെ, സോനു സെബാസ്റ്റ്യൻ, അരുൺ ആർകെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ ക്രിസ്റ്റീൻ പിഎ, വിജയൻ പിഎസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അതിനിടെ, ചേർത്തലയിലും ലഹരി വസ്തുക്കളുമായി പ്രതികൾ പിടിയിലായി. ചേർത്തല അരൂരിൽ കുട്ടികളെ ഉന്നമിട്ട് വിൽപ്പനയ്ക്കെത്തിച്ച 2000ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിപി സജീവ്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രിവൻ്റീവ് ഓഫീസർ പിടി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെയു, സിഇഒ ഡ്രൈവർ രജിത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.