പറ്റിച്ചത് വിരമിച്ച നേവി ഓഫീസറെ, തട്ടിയത് ഒന്നര കോടി രൂപ; കണ്ണൂർ സ്വദേശിയായ 27കാരൻ കോഴിക്കോട് പിടിയിൽ

news image
Jul 3, 2025, 3:34 pm GMT+0000 payyolionline.in

കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ കോഴിക്കോട് പിടിയിൽ. ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി രൂപ തട്ടിയ കേസിലാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ് (27) ആണ് കോഴിക്കോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ഡിസ്‌കൗണ്ട് റേറ്റിൽ ഷെയർ വാങ്ങി നൽകാമെന്ന് വാഗ്‌ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

 

ഷെയർ മാർക്കറ്റിൽ ഐപിഒ ലിസ്റ്റ് ചെയ്യുന്ന സമയത്ത് ഡിസ്‌കൗണ്ട് റേറ്റിൽ ഷെയറുകൾ വാങ്ങിതരാമെന്നും, 300 ശതമാനത്തിനു മുകളിൽ ലാഭം നേടിത്തരാമെന്നും വാഗ്‌ദാനം ചെയ്താണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയത്. പ്രശസ്തമായ ഒരു അസ്സറ്റ് മാനെജ്മെന്റ് കമ്പനിയുടെ പേരിലുള്ള വെബ് സൈറ്റാണെന്നു തെറ്റിദ്ധരിപ്പിച്ച് ഒരു വ്യാജ വെബ് സൈറ്റ് ലിങ്ക് വഴി ഓഹരികളിൽ നിക്ഷേപം നടത്തുന്നെന്ന പേരിൽ പരാതിക്കാരനെ കൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം പോയത്. ചെക്ക് ഉപയോഗിച്ചാണ് മുഹമ്മദ് ഷബീബ് ബാങ്കിൽ നിന്ന് പണം പിൻവലിച്ചത്.

പ്രതിയെ കണ്ണൂരിലുള്ള വീട്ടിൽ വച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളുടെയും, ഇമെയിൽ വിലാസങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ഇയാളുടെ വിദേശ ബന്ധങ്ങൾ പരിശോധിക്കുകയാണ്. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സൈബ‍ർ സ്ക്വാഡിലെ അംഗങ്ങളായ നൗഫൽ.എം.കെ,വിമീഷ്.കെ, അക്ഷയ്.എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കമ്മീഷനുകൾക്കും, മോഹന വാഗ്ദാനങ്ങളിലും പെട്ട് സ്വന്തം ബാങ്ക് അക്കൌണ്ടുകൾ, ഫോൺനമ്പറുകൾ, എടിഎം കാർഡ് എന്നിവ മറ്റുള്ളവർക്ക് പണം കൈമാറുന്നതിനായി നൽകരുതെന്നും, ഈ കാര്യത്തിൽ പൊതുജനം പ്രത്യേകം ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിക്കുന്നു. സൈബർ തട്ടിപ്പുകളിൽ ഇരയായാൽ 1930 ൽ വിളിച്ചോ www.cybercrime.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തോ പരാതിപ്പെടാവുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe