കോഴിക്കോട്: പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ഷംസാദ് (39) ആണ് പിടിയിലായത്. ഇയാൾ നൂറിലധികം കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തി വന്നിരുന്ന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപ ഇയാൾ മോഷ്ടിച്ചിരുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിലേക്കെത്തിച്ചത്. രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിലിൽ നിന്ന് മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും, സ്കൂൾ ഓഫീസുകളും ഇയാൾ കവർച്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലിൽ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.
