സ്വര്‍ണ വിലയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 520 രൂപ കൂടി 67,400 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 65 രൂപ വര്‍ധിച്ച് 8,425 രൂപയുമായി. ഇതോടെ മാര്‍ച്ചില്‍ മാത്രം പവന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജനുവരി മുതലാകട്ടെ 10,520 രൂപയുമാണ് കൂടിയത്. 2024 ഡിസംബര്‍ 31ന് 56,880 രൂപയായിരുന്നു വില.
ഏപ്രില്‍ രണ്ടിലെ ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകര്‍ കരുതലെടുത്തതാണ് തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിന് പിന്നില്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുകയാണ്.
ആഗോള വിപണിയില്‍ ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,100 ഡോളറിന് മുകളിലെത്തി. താരിഫ് യുദ്ധം കനക്കുന്നതും യുഎസിലെ സാമ്പത്തിക അനിശ്ചിതത്വവുമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാമിന് 88,850 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇനിയു കൂടുമോ?
താരിഫ് യുദ്ധം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഇനിയും വിരാമമായിട്ടില്ല. കേന്ദ്ര ബാങ്കുകള്‍ ഉള്‍പ്പടെ സ്വര്‍ണ നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവരുത്തുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയവയും സ്വര്‍ണത്തിന് അനുകൂലമാണ്. പലിശ നിരക്ക് കുറയുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതും ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാക്കും. രാജ്യാന്തര വില 3,200 ഡോളര്‍ നിലവാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍.