ദില്ലി: അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം. ട്രാൻസിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥിരം വിലയിരുത്തണം. കൂടാതെ കണ്ടെത്തിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശം നൽകി. 294 പേരാണ് ഇന്നലെ ഉച്ചയോടെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചത്. എന്താണ് അപകടകാരണമെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല.
അതേസമയം, വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും കണ്ടെത്തിയെന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. അട്ടിമറി തല്ക്കാലം സംശയിക്കുന്നില്ലെങ്കിലും എന്‍ഐഎയും അന്വേഷണത്തില്‍ പിന്തുണക്കും. അപകടത്തിന്റെ കാരണം കണ്ടെത്തെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വ്യോമയാന മന്ത്രി റാംമോഹന് നായിഡു വ്യക്തമാക്കി. പരിചയ സമ്പന്നരായ പൈലറ്റുമാര്‍, മൂവായിരത്തിലധികം മീറ്ററുള്ള റണ്‍വേ ഏതാണ്ട് പൂര്‍ണ്ണമായും ഉപയോഗിച്ചുള്ള ടേക്ക് ഓഫ്, ഓരോ മിനിട്ടിലും രണ്ടായിരം അടി പൊങ്ങേണ്ട വിമാനം 625 അടിയെത്തി താഴേക്ക് പതിച്ചത് മിനിറ്റുകള്‍ക്കുള്ളിലാണ്. കോക്ക് പിറ്റില്‍ നിന്ന് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്കെത്തിയ അപായ സന്ദേശത്തിന് പിന്നിലെന്തെന്ന ദുരൂഹത ശക്തമാണ്. അപകട സ്ഥലത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ ഡിവിആര്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. അവസാന നിമിഷം വിമാനത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് ഡിവിആറിലൂടെ വ്യക്തമാകും.
രണ്ടില്‍ ഒരു ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കണ്ടെത്തിയെന്ന് വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു. ഫ്ലെറ്റ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ശേഖരിക്കുകയാണ്. അതേസമയം, പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിനായുള്ള തെരച്ചില്‍ തുടരുകയാണ്. തല്ക്കാലം സാങ്കേതിക തകരാര്‍ എന്നാണ് നിഗമനമെങ്കിലും അട്ടിമറി സാധ്യതയടക്കം എല്ലാ വശങ്ങളും അന്വേഷണ പരിധിയില്‍ വരും. എന്‍ഐഎ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്നുള്ള അപകടം എന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            