ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.
നിരോധിത ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റൻസ് ഫ്രണ്ട്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബൈസാരൻ പുൽമേടിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ 29 പേർ കൊല്ലപ്പെട്ടു. 26 പേർ സ്ഥലത്തുവെച്ചും മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
തിരച്ചിലിനിടെ ബാരാമുല്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈനിക വിഭാഗമായ ചിനാർ കോപ്സ് അറിയിച്ചു.
തീവ്രവാദികൾ ബാരാമുല്ലയിലെ സർജീവൻ മേഖലയിൽ ഇന്ന് പുലർച്ചെ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുകയായിരുന്നു. സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടയാൻ ശ്രമിച്ചതോടെ ഭീകരർ തിരിച്ചടിച്ചു. ഇതോടെ, കനത്ത പ്രത്യാക്രമണത്തിൽ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം തടയുകയും രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നു. മേഖലയിൽ സൈനിക നടപടി തുടരുകയാണ്.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിലുടനീളം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ നടക്കുന്നുണ്ട്. ഭീകരാക്രമണത്തിൽ 20 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ച മലയാളി.