ശ്രീനഗർ: പഹൽഗാമിലെ വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദി സംഘത്തിലെ ഒരാളുടെ ചിത്രം പുറത്ത് വന്നു. ചൊവ്വാഴ്ച ജമ്മു- കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ക്രൂരമായ ഭീകരാക്രമണത്തിൽ 29 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനിടെ അക്രമി സംഘങ്ങളിൽപെട്ട തീവ്രവാദിയുടെ ചിത്രം മാധ്യമങ്ങളാണ് പുറത്തു വിട്ടത്. തോക്കുമായി നീങ്ങുന്ന അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്.
ബൈസരൻ താഴ്വരയിൽ ട്രെക്കിങ് യാത്രക്കായി എത്തിയ വിനോദസഞ്ചാരികളുടെ സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അജ്ഞാതരായ തോക്കുധാരികൾ നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ലഷ്കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സുരക്ഷാ നടപടികൾ അവലോകനം ചെയ്യുന്നതിനുമായി അദ്ദേഹം മന്ത്രിസഭാ യോഗം ചേരുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.