മംഗളൂരു: പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ക്രൂരമായ കൂട്ടക്കൊലയെ ന്യായീകരിച്ചുവെന്നാരോപിച്ച് ‘നിച്ചു മംഗളൂരു’ എന്ന ഫേസ്ബുക്ക് പേജിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉള്ളാൾ സ്വദേശിയായ സതീഷ് കുമാർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊണാജെ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് പേജിന്റെ ഡിസ്േപ്ല പിക്ചറിൽ (ഡിപി) കാണിച്ച വ്യക്തിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.
കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണെന്ന് കരുതുന്ന പ്രതി പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ക്രൂരപ്രവൃത്തിയെ ന്യായീകരിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതായാണ് ആരോപണം. 2023ൽ മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ഒരു സംഭവത്തോടുള്ള പ്രതികരണമാണ് കൊലപാതകങ്ങളെന്ന് പോസ്റ്റിൽ അവകാശപ്പെട്ടു. അന്ന് മൂന്ന് മുസ് ലിംകൾ കൊല്ലപ്പെട്ടു.
എന്നാൽ പ്രതിയായ ചേതൻ സിങ് പരസ്യമായി ശിക്ഷിക്കപ്പെട്ടില്ല. പാൽഘർ സംഭവത്തിനുള്ള പ്രതികാരമായി പഹൽഗാം കൂട്ടക്കൊല മതത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയതാണെന്ന് ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നതായാണ് പരാതി. ‘നിച്ചു മംഗളൂരു’ പേജ് നടത്തുന്ന വ്യക്തിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.