മുംബൈ: ചൈനയിൽ നിന്ന് പാകിസ്താൻ നഗരമായ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പൽ മഹാരാഷ്ട്രയിലെ മുംബൈയിൽ ഇന്ത്യൻ സുരക്ഷാസേന തടഞ്ഞു. ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ പാക്കിസ്താനിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നവഷേവ തുറമുഖത്ത് ചരക്കുകപ്പൽ തടഞ്ഞത്.
ഇറ്റാലിയൻ നിർമിത കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ സുരക്ഷാസേന നടത്തിയ വിശദ പരിശോധനയിൽ കണ്ടെത്തി. കമ്പ്യൂട്ടർ നിയന്ത്രിത ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവും മെഷീൻ പാകിസ്താനിലേക്ക് കൊണ്ടു പോകുന്നതെന്നാണ് നിഗമനം.
ജനുവരി 23നാണ് മാൾട്ടയുടെ പതാകയുള്ള കപ്പലായ സി.എം.എ സി.ജി.എം ആറ്റിലയുടെ യാത്ര കസ്റ്റംസ് ഉദ്യോഗസ്ഥർ വിലക്കിയത്. ഷാങ്ഹായ് ഗ്ലോബൽ ലോജിസ്റ്റിക്സിൽ നിന്ന് സിയാൽകോട്ടിലെ പാകിസ്താൻ വിങ്സിലേക്ക് അയച്ച ചരക്കുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്.
പാകിസ്താന്റെ പ്രതിരോധ ഗവേഷണ, വികസന സ്ഥാപനമായ ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനുമായി (ഡി.ഇ.എസ്.ടി.ഒ) ബന്ധമുള്ളവരാണോ കപ്പലിലെ ചരക്ക് സ്വീകരിക്കുന്നതെന്ന അന്വേഷണമാണ് അധികൃതർ നടത്തുന്നത്.
സിവിലിയൻ, സൈനിക ഉപയോഗങ്ങൾക്കുള്ള വസ്തുക്കളുടെ വ്യാപനം രാജ്യാന്തരമായി നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന വസനാർ കരാർ പ്രകാരം നിരോധിച്ച സാങ്കേതികവിദ്യകളിൽ ഒന്നാണ് കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സി.എൻ.സി) മെഷീൻ. വടക്കൻ കൊറിയയുടെ ആണവ പദ്ധതികളിൽ സി.എൻ.സി മെഷീൻ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ അടക്കം 42 രാജ്യങ്ങൾ 1996ലെ വസനാർ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.