പാകിസ്താൻ പ്രധാനമന്ത്രിയായി ഉമർ അയൂബ്നെ ഖാനെ നാമനിർദേശം ചെയ്തു

news image
Feb 15, 2024, 11:00 am GMT+0000 payyolionline.in

ഇസ്‍ലാമാബാദ്: ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പ്രധാനമന്ത്രിയായി പാർട്ടി സെക്രട്ടറി ജനറൽ ഉമർ അയൂബ് ഖാനെ നാമനിർദ്ദേശം ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പി.ടി.ഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളാണ് ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കിയത്. നവാസ് ശരീഫിന്റെ പി.എം.എൽ-എൻ, ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) എന്നീ കക്ഷികൾ സഖ്യ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പി.ടി.ഐയുടെ പ്രഖ്യാപനം.

പാകിസ്താന്റെ രണ്ടാമത്തെ പ്രസിഡന്റായ ജനറൽ മുഹമ്മദ് അയൂബ് ഖാന്റെ പേരമകനാണ് ഉമർ അയൂബ് ഖാൻ. അദ്ദേഹത്തിന്റെ പിതാവ് ഗോഹർ അയൂബ് ഖാനും രാഷ്ട്രീയക്കാരനായിരുന്നു. ഇംറാൻ ഖാൻ മന്ത്രി സഭയിൽ ധനമന്ത്രി, പെട്രോളിയം മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഉമർ അയൂബ്. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലീം ലീഗ്-എൻ ഷഹബാസ് ​ശരീഫിനെ പ്രധാനമന്ത്രിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു

പാകിസ്താനിൽ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ഒരു കക്ഷിക്കും ലഭിച്ചിട്ടില്ല. മൊത്തം 266 ദേശീയ അസംബ്ലി സീറ്റുകളിൽ ഇംറാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ പി.എം.എൽ-എൻ 75, ബിലാവൽ ഭൂ​ട്ടോ ചെയർമാനായ പി.പി.പി 54, എം.ക്യു.എം 17, മറ്റുള്ളവർ 19 എന്നിങ്ങനെയാണ് കക്ഷി നില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe