ഓപ്പറേഷൻ സിന്ദൂരിലെ ഇന്ത്യൻ വിജയം തദ്ദേശിമായ ഇന്ത്യൻ ആയുധങ്ങളുടെ കൂടി വിജയമാണ്. ചൈനീസ് നിർമിത പാക്ക് വ്യോമാക്രമണങ്ങളെ തടുത്തിടാൻ തദ്ദേശിയ ആയുധങ്ങൾക്ക് സാധിച്ചപ്പോൾ പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് കരുത്തേറി. പാക്ക് വ്യോമാക്രമണങ്ങൾ തടയാൻ ഇന്ത്യ തദ്ദേശീയ ആകാശ് വ്യോമ പ്രതിരോധ മിസൈലുകളും ഡി 4 ആന്റി-ഡ്രോൺ സംവിധാനങ്ങളും ഉപയോഗിച്ചു. പാക്ക് വ്യോമതാവളങ്ങളെ തകർത്തത് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളാണ്.
കാലങ്ങളായി തദ്ദേശിയമായി നിർമിക്കുന്ന പ്രതിരോധ ഉപകരണങ്ങളെയാണ് ഇന്ത്യ പ്രമോട്ട് ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ത്യയുടെ വിദേശ ആയുധങ്ങളോടുള്ള ആശ്രയത്വവും കുറഞ്ഞു. ഇതിനൊപ്പം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും വർധിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ 23622 കോടി രൂപയാണ് 12 ശതമാനം വർധന. പുതിയസാഹചര്യത്തിൽ ഇന്ത്യൻ ആയുധങ്ങൾക്ക് വിപണിയിൽ ആവശ്യം ഏറുകയാണ്.
ബ്രഹ്മോസിൻറെ ശക്തി അറിഞ്ഞ് ലോകം
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ് മിസൈൽ. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ ലക്ഷ്യങ്ങളിലേക്ക് പറക്കാൻ ബ്രഹ്മോസിന് സാധിക്കും. ഡിആർഡിഒയും റഷ്യയുടെ മഷിനോസ്ട്രോയേനിയയും സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡാണ് ബ്രഹ്മോസ് നിർമിക്കുന്നത്.
അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ, എന്നിവിടങ്ങളിൽ നിന്ന് ബ്രഹ്മോസ് വിക്ഷേപിക്കാൻ കഴിയും. 2019 ൽ മിസൈലിന്റെ പരിധി 450 കിലോമീറ്ററായി ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. 2022-ൽ ഫിലിപ്പീൻസുമായി ഒപ്പുവച്ച 375 മില്യൺ ഡോളറിന്റെ കരാർ ഉൾപ്പെടെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്മോസ് മിസൈലുകൾ വിയറ്റ്നാം ഇന്ത്യയിൽ നിന്നും വാങ്ങാനൊരുങ്ങുന്നുണ്ട്. തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീൽ, ചിലി, അർജൻറീന, വെനസ്വലെ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ എന്നി രാജ്യങ്ങളും മിസൈലിനായി പല ഘട്ടത്തിലുള്ള ചർച്ചകളിലാണ്.
ഈയിടെ ബ്രഹ്മോസ് നിർമാണത്തിനും പരീക്ഷണത്തിനുമുള്ള പുതിയ സൗകര്യം ലഖ്നൗവിൽ തുടങ്ങിയിരുന്നു. ഇതുവഴി വർഷത്തിൽ 100-150 മിസൈലുകൾ നിർമിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതുകൂടാതെ തിരുവനന്തപുരത്തും ഹൈദരാബാദിലുമാണ് മറ്റു രണ്ട് നിർമാണ യൂണിറ്റുകൾ.
ആകാശിനായി താൽപര്യം
ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലായ ആകാശ് മിസൈൽ ഡിആർഡിഒ വികസിപ്പിച്ചതാണ്. ഭാരത് ഡൈനാമിക് ലിമിറ്റഡാണ് നിർമാണം. പാക്ക് വ്യോമാക്രമണങ്ങളെ തകർത്തതിൽ വലിയ പങ്ക് ആകാശിനുണ്ട്. 25 കിലോമീറ്റർ പരിധിയിലുള്ള നാല് വ്യോമ ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ ആകാശിന് കഴിയും. എവിടെ നിന്നും പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് ആകാശിന്റെ ഗുണം. മിസൈലുകൾ, ഡ്രോണുകൾ, വിമാനങ്ങൾ എന്നിവയെ തടയാൻ ഇതിന് സാധിക്കും. അർമേനിയയിലേക്ക് 15 ആകാശ് യൂണിറ്റുകൾ കയറ്റുമതി ചെയ്യുന്നതിനായി ഇന്ത്യ 2022 ൽ കരാറിലെത്തിയിരുന്നു. ബ്രസീലും ഈജിപ്തും ആകാശിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആന്റി ഡ്രോൺ സംവിധാനങ്ങൾ
ഡിആർഡിഒ വികസിച്ച ഡ്രോൺ സംവിധാനമായ ഡി4 ആണ് പാക്കിസ്ഥാൻ അയച്ച ഡ്രോണുകളെ തടഞ്ഞത്. ആളില്ലാ യുദ്ധവിമാനങ്ങളെ ഉൾപ്പെടെയുള്ള ഡ്രോണുകളെ പ്രവർത്തനരഹിതമാക്കാൻ ഇതിന് സാധിക്കും. ഇലക്ട്രോണിക് ജാമിങും സ്പൂഫിങും ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം.
ഇറക്കുമതി
തദ്ദേശിയ ആയുധങ്ങളുടെ ഉപയോഗം വർധിച്ചെങ്കിലും ഇറക്കുമതിയിൽ ഇന്ത്യ വളരെ മുന്നിലാണ്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്ററ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ രണ്ടാമത്തെ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 2020-2024 കാലത്ത് 8.30 ശതമാനമാണ് ഇന്ത്യയുടെ ഇറക്കുമതി വിഹിതം. പ്രധാനമായും റഷ്യയെയാണ് ഇന്ത്യ ആയുധങ്ങൾക്ക് ആശ്രയിക്കുന്നത്. 36 ശതമാനമാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി. ഫ്രാൻസ്, ഇസ്രയേൽ, യുഎസ് എന്നിവയിൽ നിന്നും ഇന്ത്യയുടെ ഇറക്കുമതിയുണ്ട്.