പനജി ∙ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തി. ഗോവയിലെ എസ്‌സിഒ സമ്മേളനത്തിൽ പങ്കെടുക്കാനാണ് എത്തിയത്. 2011ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാൻ ഭരണത്തിലെ ഉന്നതൻ ഇന്ത്യയിലെത്തുന്നത്. ഉഭയകക്ഷി വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്യില്ല. രാജ്യാന്തര ചട്ടങ്ങളും ഉഭയകക്ഷി കരാറുകളും പാലിച്ച് മുന്നോട്ടുപോകുന്നുവെന്നതിന് തെളിവെന്ന രീതിയിലാണ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പങ്കാളിത്തത്തെ ഉയർത്തിക്കാട്ടാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നത്.
ബിലവാൽ ഭൂട്ടോയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഒരുതരത്തിലുള്ള ഉഭയകക്ഷി ചർച്ചകളും നടത്തുന്നില്ല. മറിച്ച് റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ മറ്റ് വിദേശകാര്യമന്ത്രിമാർക്ക് അത്താഴവിരുന്ന് നൽകും. വെള്ളിയാഴ്ചയാണ് പ്രധാനപ്പെട്ട ചർച്ചകൾ.