ശ്രീനഗർ∙ അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമം സൈന്യം തകർത്തു. അമ്പതോളം ഡ്രോണുകളാണ് തകർത്തത്. റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ഉപയോഗിച്ച് എട്ട് പാക്ക് മിസൈലുകളും തകർത്തു. ജമ്മുവിൽ മൊബൈൽ ഫോൺ സേവനം തടസ്സപ്പെട്ടു.
അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്വ എന്നിവിടങ്ങളിൽ വെടിവയ്പു നടക്കുന്നതായാണ് വിവരം. രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
ജമ്മു കശ്മീരിനു പുറമെ പഞ്ചാബിലെ ഗുർദാസ്പുരിലും പഠാൻകോട്ടിലും രാജസ്ഥാന്റെ അതിർത്തി മേഖലകളിലും വിളക്കുകൾ അണച്ചു. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത ശക്തമാക്കി.