പാക് അധീന കശ്മീരിൽ ആയിരത്തിലധികം മദ്രസകൾ പൂട്ടി, ജനങ്ങളെ ക്യാപുകളിലാക്കി പാകിസ്ഥാൻ; യുദ്ധം നേരിടാൻ പരിശീലനം

news image
May 3, 2025, 4:05 am GMT+0000 payyolionline.in

ദില്ലി: പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലധികം മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങളെ സ്‌കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്. അതിനിടെ കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൻ പരീക്ഷണത്തിന് പാകിസ്ഥാൻ തയ്യാറെടുക്കുന്നതായും കേന്ദ്ര സർക്കാരിന് വിവരം ലഭിച്ചു. ഇത് പ്രകോപനമായി കണക്കാക്കുമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ നിലപാട്. അതേസമയം പാകിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ലോകബാങ്കിനോടും ഐഎംഎഫിനോടും ആവശ്യപ്പെടാനും ഇന്ത്യ തീരുമാനിച്ചു.

 

ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏത് വിധേനെയും ആക്രമണത്തിനുള്ള സാധ്യത കണക്കുകൂട്ടിയാണ് പാകിസ്ഥാൻ മുന്നൊരുക്കങ്ങൾ നടത്തുന്നത്. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം കൂട്ടിയ ശേഷമാണ് പാക് അധീന കശ്മീരിൽ ജനത്തിന് പരിശീലനം നൽകുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ ജാഗ്രതയോടെ പെരുമാറേണ്ടത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഒപ്പം ഗ്രാമീണരോട് രണ്ട് മാസത്തെ ഭക്ഷണം കരുതിവെക്കാനും പാക് സേന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് കരയിൽ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തിനും പാകിസ്ഥാൻ തയ്യാറെടുക്കുന്നത്. അടുത്തയാഴ്ചയോടെ പരീക്ഷണം നടക്കുമെന്നാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന സൂചന. ഈ നീക്കം പ്രകോപനമായി ഇന്ത്യ കണക്കാക്കും.

 

അതിനിടെ ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചുവെന്ന പാക് മാധ്യമങ്ങളിലെ വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്നും പാക് വ്യോമസേന നേരിടാൻ തുടങ്ങിയപ്പോൾ മടങ്ങിയെന്നുമാണ് പാക് മാധ്യമങ്ങളിലെ പ്രചാരണം. ഭയം കൊണ്ട് പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നുവെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിക്കാൻ ഇന്ത്യൻ സേനകൾക്ക് പ്രധാനമന്ത്രി പൂർണ്ണ സ്വാതന്ത്ര്യം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെയും ഉപകരണങ്ങളും എത്തിച്ചിരുന്നു. പാക് കരസേന മേധാവി അസിം മുനീർ കഴിഞ്ഞ ദിവസം പാക് അധീന കശ്മീരിൽ എത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe