പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലം ഉടമ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന് സൂചന, അടിമുടി ദുരൂഹത

news image
Aug 4, 2026, 4:48 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്നാണ് സൂചന. ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് വേണ്ടി സ്ഥലം വാങ്ങിയത് നൗഫലിന്റെ പേരിൽ എന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിർമ്മിക്കാൻ പോകുന്നത് പ്രീമിയം ആയുർവേദ റിസോർട്ട് ആണെന്നാണ് ലഭിക്കുന്ന വിവരം.

പരിസ്ഥിതിലോല മേഖലയിൽ അനധികൃതമായി നിർമ്മാണം നടത്താനായിരുന്നു ഉദ്ദേശം. മണ്ണെടുപ്പിനും, പാറ പൊട്ടിക്കുന്നതിനും അനുമതി കൊടുത്തതിലും അധികൃതർക്ക് വീഴ്ച്ച വന്നെന്നാണ് വിവരം. മണ്ണെടുപ്പിനും പാറ പൊട്ടിക്കുന്നതിനുമായി നൗഫൽ നഗരസഭയ്ക്കും ജിയോളജി വകുപ്പിനും കൊടുത്ത അഡ്രസിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. 2018ൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവുണ്ടായിരുന്നു. വേങ്ങര കുന്നുംപുറം സ്വദേശിയായ ക്വാറി ഉടമയും സ്ഥലം ഇടപാടിൽ പങ്കാളിയാണ് എന്നാണ് സൂചന.

നൗഫൽ കടക്കാടന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിരുന്നതായുള്ള രേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ ഇയാളെ സംബന്ധിച്ച വിവരത്തിലാണ് ഇപ്പോൾ ദുരൂഹത. ഷോപ്പിങ് കോംബ്ലക്‌സിന് വേണ്ടിയായിരുന്നു ഇയാൾ അനുമതി തേടിയിരുന്നത്. എന്നാൽ പ്രീമിയം ആയുർവേദ റിസോർട്ടാണ് പണിയുന്നത് എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഇതേ നൗഫലിന്റെ പേരിൽ തോട്ടശേരിയറ എന്ന മറ്റൊരു അഡ്രസിലും അപേക്ഷ നൽകിയിട്ടുണ്ടെന്നതാണ് ദൂരൂഹത വർദ്ധിപ്പിക്കുന്നത്. നിർമാണ പ്രവർത്തികൾ നിർത്തി വെക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് നിർമാണം തുടർന്നത് എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം പ്രദേശത്ത് ഗതാഗതം പുനസ്ഥാപിക്കാനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന മേഖലയിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്നതാണ് ആശങ്കയായി നിലനിൽക്കുന്നത്. മണിക്കൂറുകളോളം സമയം എടുത്തേ മണ്ണ് നീക്കം ചെയ്യാൻ സാധിക്കൂ. മണ്ണ് നീക്കം ചെയ്താലും മണ്ണിടിച്ചിൽ ഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ ജില്ലാഭരണകൂടം അനുമതി നൽകുന്നത് വൈകും. എന്നാൽ പാറപൊട്ടിക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പാണെന്നും മണ്ണെടുക്കാൻ അനുമതി നൽകിതിൽ നഗരസഭാ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്നുമാണ് നഗരസഭാ ചെയർപേഴ്‌സൺ നൽകുന്ന വിശദീകരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe