പാനും ആധാറും ബന്ധിപ്പിക്കാത്ത അക്കൗണ്ടുകൾക്ക്‌ നിയന്ത്രണം വന്നേക്കും

news image
Jul 11, 2023, 5:45 am GMT+0000 payyolionline.in

കൊച്ചി> പാൻ ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാടുകൾക്ക്‌ വരുംദിവസങ്ങളിൽ നിയന്ത്രണം വന്നേക്കുമെന്ന്‌ സൂചന. ഇത്തരം അക്കൗണ്ടുകളിൽ പാൻ നിർബന്ധിത ഇടപാട്‌ അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്‌ നിർദേശം ബാങ്കുകൾ നടപ്പാക്കിയതിനെക്കുറിച്ച്‌ ആദായനികുതിവകുപ്പ്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

അമ്പതിനായിരം രൂപയ്‌ക്കുമുകളിലുള്ള ഇടപാടുകൾക്ക്‌ പാൻ വേണമെന്ന നിബന്ധന പാൻ അസാധുവായ അക്കൗണ്ടുകൾക്ക്‌ തടസ്സമാകും. ബാങ്ക്‌ സോഫ്‌റ്റ്‌വെയറിൽ ഇതനുസരിച്ച്‌ മാറ്റംവരുത്തിയതിന്റെ നടപടിറിപ്പോർട്ടാണ്‌ ആദായനികുതിവകുപ്പ്‌ ആവശ്യപ്പെട്ടതെന്ന്‌ ബാങ്കിങ്‌ വൃത്തങ്ങൾ അറിയിച്ചു. പുതിയ അക്കൗണ്ടുകൾ തുറക്കാമെങ്കിലും പാൻ–-ആധാർ ബന്ധിപ്പിക്കലിനുശേഷമേ ഇടപാട്‌ നടത്താനാകൂ എന്ന നിബന്ധനയും വരും. ഇങ്ങനെ ബന്ധിപ്പിക്കാത്തവരുടെ പാൻ ജൂൺ 30നുമുമ്പ്‌ അസാധുവാകുമെങ്കിലും വീണ്ടും ആക്ടിവേറ്റ്‌ ചെയ്യാമെന്നതിനാൽ ഇടപാടുകാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ലെന്ന്‌ ആദായനികുതി ഓഫീസ്‌ അറിയിച്ചു.

ആദായനികുതിവകുപ്പിന്റെ ഇ–-പോർട്ടലിൽ 1000 രൂപ പിഴയോടെ പാൻ–-ആധാർ ബന്ധിപ്പിക്കലിന്‌ സൗകര്യമുണ്ട്‌. 2022–-23 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി മുപ്പത്തൊന്നാണ്‌. അതിനകം പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ്‌ ഇപ്പോൾ നടക്കുന്നതെന്നും ആദായനികുതി ഓഫീസ്‌ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe