പാനൂരിനടുത്ത് തൃപ്പ​ങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചു; നവജാത ശിശു ആശുപത്രിയിൽ തീവ്രപരിചരണത്തിൽ

news image
Jan 16, 2025, 7:18 am GMT+0000 payyolionline.in

പാനൂർ (കണ്ണൂർ): പാനൂരിനടുത്ത് തൃപ്പ​ങ്ങോട്ടൂർ വിവാഹവീട്ടിൽ പടക്കം പൊട്ടിച്ചതിനെ തുടർന്ന് അയൽവീട്ടിലെ 18 ദിവസം പ്രായമായ കുഞ്ഞിന് ആരോഗ്യപ്ര​ശ്നം. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷവും തിങ്കളാഴ്ച പകലുമായാണ് കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിവാഹം നടന്നത്. രാത്രി ബാൻഡ് മേളവും ചെറിയ തോതിലുള്ള പടക്കം പൊട്ടിക്കലും ഉണ്ടായിരുന്നു. ഈ ശബ്ദം കേട്ട് ​കുഞ്ഞ് പേടിച്ച് വിറക്കുകയും പ്രത്യേക ശബ്ദം ഉണ്ടാക്കുകയും ചെയ്തതായി കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഏറെനേരം കഴിഞ്ഞപ്പോൾ കുഞ്ഞ് ശരിയായി.

പി​റ്റേന്ന് വൈകീട്ട് വീടിനടുത്തുള്ള വയലിൽ വെച്ചാണ് പടക്കം പൊട്ടിച്ചത്. സാധാരണ പടക്കങ്ങളേക്കാൾ വൻ ശബ്ദമാണുണ്ടായതെന്നും ഇത് കേട്ട് കുഞ്ഞ് അനക്കമറ്റ് ആകെ കുഴഞ്ഞ നിലയിലായെന്നും വീട്ടുകാർ പറഞ്ഞു. ആകെ ഭയന്നുവിറച്ച വീട്ടുകാർ കുഞ്ഞിന്റെ കാൽ വെള്ളയിൽ അടിച്ചപ്പോൾ കുറച്ച് കരഞ്ഞെങ്കിലും പിന്നീട് വീണ്ടും തളർന്ന് കിടന്നു. ഗർഭിണിയായ കുഞ്ഞിന്റെ മാതൃസഹോദരിക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടു.

കുഞ്ഞിന് പ്രശ്നങ്ങളുണ്ടെന്നും ശബ്ദം കുറക്കണമെന്നും കല്യാണവീട്ടിലെത്തി ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല​ത്രെ. നാലുദിവസമായി കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അഷ്റഫ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe