പായിപ്പാട് ജലോത്സവം; വീയപുരം ജേതാവ്

news image
Aug 31, 2023, 3:06 pm GMT+0000 payyolionline.in

ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ വീയപുരം ബോട്ട് ക്ലബ്ബിന്റെ കരുത്തില്‍ വീയപുരം ചുണ്ടന്‍ കിരീടത്തില്‍ മുത്തമിട്ടു. മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായ ആയാപറമ്പ് വലിയ ദിവാഞ്ചി ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ഷാഹുല്‍ ഹമീദ് ക്യാപ്റ്റനായ വീയപുരം ചുണ്ടന്‍ പായിപ്പാട് ജലോത്സവത്തില്‍ രണ്ടാം വര്‍ഷവും മുത്തമിട്ടത്. പ്രശാന്ത് കെആര്‍ ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടനാണ് മൂന്നാം സ്ഥാനം. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് മത്സരത്തില്‍ ജോജി തമ്പാന്‍ ക്യാപ്റ്റനായ പായിപ്പാടന്‍, സുരേന്ദ്രന്‍ ക്യാപ്റ്റനായ കരുവറ്റ എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വെപ്പു വള്ളങ്ങളുടെ മത്സരത്തില്‍ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും നവജ്യോതി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജലോത്സവം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കെ അനന്ത ഗോപന്‍ വള്ളംകളി ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ അഡ്വ. എ എം ആരിഫ് എംപി ജലോത്സവ സുവനീര്‍ ചെങ്ങന്നൂര്‍ ആര്‍ ഡി ഒ യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. എസ് ഗോപാലകൃഷ്ണന്‍ ചുണ്ടന്‍ വള്ളങ്ങളുടെ ക്യാപ്റ്റന്‍മാരെ പരിചയപ്പെടുത്തുകയും മാസ് ഡ്രില്ലിന് നേതൃത്വം നല്‍കുകയും ചെയ്തു. സ്‌നേക് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ കെ കുറുപ്പ്, നെഹ്രു ട്രോഫി റെയ്‌സ് കമ്മിറ്റി അംഗങ്ങളായ എസ് എം ഇഖ്ബാല്‍, പാട്ടത്തില്‍ തങ്കച്ചന്‍, ഹരിപ്പാട് നഗരസഭ ചെയര്‍മാന്‍ കെ എം രാജു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, വൈസ് പ്രസിഡന്റ് പി ഓമന, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി എ ഷാനവാസ്, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ജലോത്സവ സമിതി ഭാരവാഹികളായ കെ. കാര്‍ത്തികേയന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സി പ്രസിദ്, പ്രണവം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe