‘പാരമ്പര്യരീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന’; സ്വവര്‍ഗ വിവാഹ ഹർജികളിൽ വാദം കേൾക്കവെ സുപ്രീംകോടതി

news image
May 9, 2023, 2:55 pm GMT+0000 payyolionline.in

ദില്ലി: പാരമ്പര്യരീതികളെ  തിരുത്തി കുറിക്കുന്നതാണ്  ഇന്ത്യൻ ഭരണഘടന എന്ന് സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത തേടി നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാരമ്പര്യത്തിന്റെ കാര്യം ഉയര്‍ത്തിപ്പിടിച്ചു വാദിക്കുകയാണെങ്കില്‍ അതു ലംഘിക്കപ്പെടാന്‍ തന്നെയുള്ളതാണ്.

പല പാരമ്പര്യങ്ങളും മറികടന്നില്ലായിരുന്നു എങ്കില്‍ ജാതി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പെട്ട് സമൂഹത്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് കോടതി ചോദിച്ചു. വിവാഹത്തിന്റെ കാര്യത്തിലടക്കം ഈ മാറ്റങ്ങള്‍ ആവശ്യമാണെന്നും ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റീസ് രവീന്ദ്ര ഭട്ട് പറഞ്ഞു. ഹര്‍ജിക്കാരുടെ ആവശ്യത്തെ എതിര്‍ത്തു വാദിച്ച മുതിര്‍ന്ന് അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുടെ വാദങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്വവര്‍ഗ വിവാഹത്തിന് നിയമപരിരക്ഷ നല്‍കുന്ന വിഷയം പാര്‍ലമെന്റിന് വിടണമെന്നായിരുന്നു ദ്വിവേദിയുടെ പ്രധാന ആവശ്യം. സ്വവര്‍ഗ വിവാഹം ഭരണഘടനാപരമായി മൗലിക അവകാശത്തിന്റെ ഭാഗമായി വരുന്നതാണോ എന്ന വസ്തുത പരിശോധിക്കേണ്ടതുണ്ട്. സ്ത്രീപുരുഷ പങ്കാളികള്‍ക്ക് അവരുടെ വ്യക്തിനിയമവും ആചാരവും മതവും അനുസരിച്ച് വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും ദ്വിവേദി വാദിച്ചു.

എന്നാല്‍ പരമ്പരാഗത വശം പരിഗണിച്ചാല്‍ അതില്‍ മിശ്ര വിവാഹം പോലും അനുവദനിയമല്ലല്ലോ എന്ന് ജസ്റ്റീസ് രവീന്ദ്ര ഭട്ട് ചോദിച്ചു. സമയം മാറുന്നതിന് അനുസരിച്ച് വിവാഹത്തെക്കുറിച്ചുള്ള ചിന്തകളും മാറേണ്ടതുണ്ടെന്നും ജസ്റ്റിസ് രവീന്ദ്ര ബട്ട്  ചൂണ്ടിക്കാട്ടി.

വിവാഹത്തിന്റെ സുപ്രധാന വശമെന്നത് ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതാണെന്ന് ചീഫ് ജസ്റ്റീസും ചൂണ്ടിക്കാട്ടി. വിവാഹം നിയമവിധേയമാക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ണായക പങ്കാളിത്തമുണ്ടെന്നത് നിഷേധിക്കാനാകില്ല. എന്നാല്‍, സ്ത്രീയും പുരുഷനും എന്നത് വിവാഹത്തിന്റെ കാതലായ വശമാണോ എന്നതാണ് പരിശോധിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe