പാലക്കാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പാലക്കാട്ട് വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. കണ്ണാടി തരുവാകുറിശ്ശിയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകിയെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. വിഷയത്തിൽ ബിജെപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫും എൽഡിഎഫും വ്യക്തമാക്കി.
തരുവാകുറിശ്ശിയിലെ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും സംഘവും. സന്ദർശനത്തിന് ശേഷം ശോഭ കാറിൽ കയറിയ സമയത്ത് കൂടെയുണ്ടായിരുന്ന സ്ത്രീ സമീപത്തെ വീട്ടിലെ വയോധികയുടെ കൈവശം അയ്യായിരം രൂപ നൽകിയെന്നാണ് ആരോപണം. സംശയം തോന്നി കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വയോധികയുടെ പക്കൽ അയ്യായിരം രൂപ കണ്ടെത്തിയത്. പണം നൽകി വോട്ട് ചോദിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ശോഭയ്ക്കൊപ്പമുണ്ടായിരുന്ന പ്രവർത്തക അത് ശരിവെച്ച് കാറിൽ കയറിയതായും കോൺഗ്രസ് പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ശോഭാ സുരേന്ദ്രൻ ഭീഷണി മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ പകർത്തേണ്ടതില്ലെന്നും ‘അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും’ ശോഭ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. പ്രവർത്തകരുടെ ഫോൺ പിടിച്ചുവാങ്ങാനും സ്ഥാനാർത്ഥി ശ്രമിച്ചു. വോട്ടെടുപ്പിന് തൊട്ടുമുൻപ് സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ പണം വിതരണം ചെയ്തത് ഗൗരവതരമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഇടത്-വലത് മുന്നണികൾ അറിയിച്ചു.
