പാലക്കാട്: തച്ചനാട്ടുകര പാലോട് കൂത്തുപറമ്പിൽ അമ്മ കിണറ്റിലെറിഞ്ഞ രണ്ടര വയസുകാരൻ മരിച്ചു. ഒപ്പം കിണറ്റിൽ ചാടിയ അമ്മ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കീഴാറ്റൂർ സ്വദേശി ഷിജുവിന്റെയും തച്ചനാട്ടുകര പാലോട് കൂത്തുപറമ്പിൽ കാഞ്ചന(27)യുടെയും മകൻ വേദിക് എന്ന കാശി (രണ്ടര) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30 നാണ് കാഞ്ചന മകനെയുമെടുത്ത് വീട്ടുകിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം. ഉടൻ രക്ഷാപ്രവർത്തനം നടത്തി ആദ്യം കുഞ്ഞിനെ പുറത്തെടുത്ത നാട്ടുകാർ ഉടൻ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ചനയെ നാട്ടുകാർ കിണറ്റിൽ ഇറങ്ങി കസേരയിൽ ഇരുത്തി സുരക്ഷിതയാക്കി. തുടർന്ന് മണ്ണാർക്കാടു നിന്നെത്തിയ അഗ്നി രക്ഷാ സേന പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേദിക് ഗുരുതരാവസ്ഥയിലായതിനാൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. നാട്ടുകൽ സിഐ ഹബീബുല്ലയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്.