പാലക്കാട് കൊമ്പൻ പിടി 7 പിടിയിൽ

news image
Jan 22, 2023, 6:40 am GMT+0000 payyolionline.in

പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്കർ ഏഴാമൻ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. രാവിലെ 7. 10 ന്  അൻപത് മിറ്റർ ദൂരത്ത് നിന്നാണ് പി ടി സെവനെ വെടിവെച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലാണ് ആനക്ക് വെടിയേറ്റത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്ഥിരീകരിച്ചു. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. ആവശ്യമെങ്കിൽ മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും.

ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളായാണ് പി ടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.  നിലവിൽ കറുത്ത തുണിയുപയോഗിച്ച് കണ്ണ് ഭാഗം മറച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുന്നത്. കാലുകൾ വടം ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുന്ന നിലയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe