പാലക്കാട് ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം അന്വേഷിക്കുമെന്ന് കെ. സുധാകരന്‍; ‘കുറ്റക്കാർക്കെതിരെ ശക്തമായ നടപടി’

news image
Oct 27, 2024, 12:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാലക്കാട് ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായി കാണുന്നതായും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ സംസ്‌കാരമെന്നും കെ. സുധാകരന്‍ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം എഴുപതുകളില്‍ തുടങ്ങിയതാണ്. അതിലെ ഓരേട് മാത്രമാണ് 1991ല്‍ ബി.ജെ.പി സഹായം അഭ്യർഥിച്ചുള്ള സി.പി.എം നേതൃത്വത്തിന്‍റെ ഇപ്പോള്‍ പുറത്തുവന്ന കത്ത്. 1970ല്‍ കൂത്തുപറമ്പില്‍ ബി.ജെ.പി വോട്ട് വാങ്ങി എം.എൽ.എയായ വ്യക്തിയാണ് പിണറായി വിജയന്‍.

1977ലും അദ്ദേഹം ബി.ജെ.പിയുടെ സഹായത്തോടെ മത്സരിച്ചു. അതെല്ലാം മറച്ചുവെച്ചാണ് ഒരു നാണവുമില്ലാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസിന് സംഘടന പ്രവര്‍ത്തനവും സാമൂഹ്യ സേവനവും നടത്താന്‍ ബി.ജെ.പിയുടെ സഹായം വേണ്ടെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe