പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. കേസിൽ കൊലപാതകം, തെളിവ് നശിപ്പിക്കൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ഏക പ്രതിയായ ചെന്താമരയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കുമ്പോള്‍ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സജിതയുടെ കുടുംബാംഗങ്ങളും പ്രോസിക്യൂഷനും.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തുകയും ചെയ്തത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു വിചാരണ ഘട്ടത്തിൽ പ്രതി മൊഴി നല്‍കിയത്. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം മൽപിടുത്തത്തിനിടയിൽ പോക്കറ്റ് കീറി നിലത്തു വീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.