പാലക്കാട് സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ച് ഉടമ, തൊഴിലാളികളെ ഉപയോഗിക്കാതെ പറ്റില്ലെന്ന് സിഐടിയു, സമരം

news image
Mar 24, 2025, 1:54 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിലെ സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലി കടയുടെ മുന്നിൽ സിഐടിയുവിന്‍റെ ഷെഡ് കെട്ടി സമരം തുടരുന്നു. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ വാദം. ഇത് തെളിയിക്കുന്നതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ സിഐടിയു പുറത്തുവിട്ടു. രണ്ടു പേരെ വെച്ച് യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ തൊഴിലുടമയും പുറത്തുവിട്ടു.മൂന്നു മാസം മുൻപാണ് ഷൊർണൂർ കൊളപ്പുള്ളിയിലെ പ്രകാശ് സ്റ്റീൽസ് ഉടമ ജയപ്രകാശ് തന്‍റെ സ്ഥാപനത്തിൽ ലോറിയിൽ നിന്നും സിമന്‍റ് ചാക്കുകൾ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. യന്ത്രം പ്രവര്‍ത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റര്‍ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറയുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നാണ് സിഐടിയുവിന്‍റെ വാദം. ചാക്ക് കയറ്റാനുമിറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇത് നൽകാത്തത് തൊഴിൽ നിഷേധമാണെന്നും സിഐടിയു ആരോപിക്കുന്നു. യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതൽ  തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ, ഇത് ട്രയൽ റൺ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. യന്ത്രം പ്രവർത്തിപ്പിക്കാൻ ഏറ്റവും കുറഞ്ഞത് രണ്ടു പേർ മാത്രം മതിയെന്ന് ദൃശ്യങ്ങൾ സഹിതം കടയുടമയും വ്യക്തമാക്കുന്നു. ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച യന്ത്രം ഉപയോഗിച്ച് കയറ്റിറക്ക് നടത്താൻ കഴിഞ്ഞില്ലെങ്കിൽ വലിയ ബാധ്യതയുണ്ടാകുമെന്നും കടയുടമ പറയുന്നു.ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ തിങ്കളാഴ്ച ലേബർ ഓഫീസർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe